Monday, April 4, 2016

ഗാനം

എന്റെ ഹൃദയത്തിൽ, എന്റെതന്നെ ചുവന്ന അറയിൽ നീ നിറയുന്നു. ഇനി നീ പാടുമ്പോൾ ജീവിതത്തെ, നീ സഞ്ചരിക്കുന്ന കാലത്തെ പാഴ് കിനാവെന്ന്... ഇത് കിനാവല്ലാതെ മറ്റെന്ത്, നീ നിന്നെ സ്പർശിച്ചും പാതയിൽ നീ ഉണ്ടെന്നും ഉറപ്പുവരുത്തിയിട്ടെന്ത്.. നീ ഇല്ല എന്നതാണ് സത്യം. അക്ഷരങ്ങളുടെ തീരത്ത് എത്ര ചിത്രം വരച്ചിട്ടെന്ത്, എല്ല്ലാം വിഴുങ്ങുന്നു തിരകൾ... അതേ ഇരുപ്പിൽ, ഇനി എഴുതാൻ തുടങ്ങും മുമ്പ് തിരിഞ്ഞൊന്ന് നോക്കുക, നീ പോന്ന ഇടങ്ങൾ, അവിടെ നീയില്ല... അത് മറ്റാരൊക്കെയോ കയ്യേറിയിരിക്കുന്നു, അടുത്ത നിമിഷത്തിലോ അവരും മറയുന്നു. എന്നിട്ടും കാത്തിരിക്കുന്നതെന്തിന്.

Sunday, April 3, 2016

നിന്നിൽ തന്നെ

നീ പക്ഷിക്കൂട്ടത്തിൽ അതേ കൂട്ടത്താൽ പരിക്ക് പതിയവൾ. നീ നിന്റെ പ്രിയന്റെ കൊത്തേറ്റ് മുൾച്ചെടിയിലേക്ക് പതിച്ചവൾ. നീ വീഴുമ്പോൾ നിനക്ക് മുറിവ് പറ്റുമ്പോൾ ഒരു വനമാ‍കെയല്ലോ കരിഞ്ഞുപോകുക. അപ്പോഴും കപട ഭക്തിയിലൂടെ സഞ്ചാരികൾ നിന്നെ പൊതിയുന്നു. അവരെ സഞ്ചാരികളെന്ന് പറയാമോ, ജനിമൃതികൾക്കിടെയിലെ ഇത്തിരി ദൂരം സഞ്ചരിക്കുന്നവരെയെല്ലാം സഞ്ചാരിയെന്ന് ചൊല്ലാമോ.. ഇവിടെയാകെ വേഷം കെട്ടലാണ്, തങ്ങൾ എന്തെല്ലാമോ ആണെന്ന് മറ്റൊരാളെ ബോധിപ്പിക്കാനുള്ള പരക്കം പാച്ചിൽ. അതുകൊണ്ട് എന്തെങ്കിലും നേട്ടമുണ്ടോ‍.. സ്വന്തം നിഴലിലേക്ക് തന്നെ ചുരുങ്ങി, ഒരായുസ് പാഴാക്കിയിട്ടെന്ത്. അകമേ സഞ്ചരിക്കുന്നവർ പരിവർത്തനപ്പെടാതിരിക്കുന്നതെങ്ങനെ. നീ മുറിവുകൾക്ക് ഔഷധം തേടുന്നു, എന്നാലത് ഉള്ളിൽ തന്നെയുണ്ട്. കപടഭക്തിയുടെ ദേശത്തോട് വിടചൊല്ലുക. നീ നിന്റെ ചഷകത്തിലേക്ക് തന്നെ ചുണ്ട് ചേർക്കുക. അവിടെ തന്നെ നീ ഉറവപൊട്ടുന്നു. നീ തന്നെ നിന്റെ വിമോചനത്തിന്റെ ഗാനം..