Sunday, March 27, 2016

പ്രകാശം

നീ പ്രണയത്തെ കുറിച്ച് ചോദിക്കുന്നു, മരണത്തെ കുറിച്ചും ജീ‍വിതത്തെ കുറിച്ചൂം പറഞ്ഞുപോകുന്നു. നീയൊരു സംഗീതമായി മാറാൻ കൊതിക്കുന്നു. നിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ ഞാൻ.. എനിക്ക് പറയാനുള്ളത് ബുദ്ധപ്രകാശത്തെ കുറിച്ചാണ്. എന്നാൽ അത് വിവരിക്കാൻ എന്റെ കയ്യിൽ പദങ്ങളില്ല്ല. അക്ഷരങ്ങൾ നിരത്തിയാൽ പദങ്ങൾ ലഭിക്കുമെങ്കിലും, വാചകം തീർക്കാമെങ്കിലും, മയ്യത്തടക്കി മീസാൻ കല്ല് കുത്തി വയ്ക്കുന്നത് പോലെ വിരാമ ചിഹ്നമിടാമെങ്കിലും ഞാനെങ്ങനെ ആ പ്രകാശത്തെ ഞാൻ അനുഭവിക്കുന്ന അളവിലല്ലെങ്കിലും ഇത്തിരിയെങ്കിലും നിന്റെ ഹൃദയത്തിലേക്ക് പകരും.. നീ നിന്റെ നെഞ്ച് എന്റെ നെഞ്ചോട് ചേർക്കുക, കണ്ണടക്കുക, കാതടക്കുക, എന്നിൽ വളഞ്ഞുയരുന്ന നാളത്തെ ഏറ്റെടുക്കുക. അപ്പോൾ മാത്രമാണ് നിന്നിൽ നിന്നും ഇരുട്ട് മായുക. നീ നിന്നിലേക്ക് തന്നെ പുറപ്പെടുക, അപ്പോൾ അനുഭവിക്കാനാവും, അപ്പോ‍ൾ മാത്രം നിനക്ക് പറയാനാവും, പ്രകാശം എവിടേയുമുണ്ടല്ലോ, അതനുഭവിക്കാൻ പാകപ്പെടാതിരുന്നത് കൊണ്ടല്ലോ അതില്ലെന്ന് തോ‍ന്നിയത്. അതെ നാം തോന്നലുകളുടെ തടവറയിലാണ്. അവിടെ ദൈവമുണ്ട്, ഇവിടെയുണ്ട്, എന്നെല്ലാം വെറും തോന്നലുകൾ. എന്നാലോ അത് ഉണ്ട് തന്നെ.. അതിലേക്കിറങ്ങിയാലോ അതേക്കുറിച്ചൊരു വാക്കും പറയാനാവാതെ...

No comments:

Post a Comment