Thursday, March 31, 2016

ഗാനം നിൻ മൌനം

തമ്മിൽ കണ്ടും എന്നാൽ കാണാതെയും അലയുന്നവർ. എങ്കിലും നിന്റെ സാന്നിധ്യമെന്നിൽ ഗാനത്തിന്റെ വിത്തുകൾ പാകുന്നു. ഹൃദയങ്ങൾ തമ്മിൽ കോർക്കപ്പെടുന്നത്, ആകാശത്തോരു ചരട് കെട്ടി ഊഞ്ഞാലാടുന്നത്. നാം നമ്മിൽ തന്നെ ആടിയുലയുമ്പോൾ ആത്മാവിന്റെ അടരുകൾ പോലും പൊട്ടിപോകുന്നു. ഈ രാത്രിയിലൊരു പക്ഷി കത്തിവീഴുന്നത്, ഒരു നക്ഷത്രം അലിഞ്ഞൊഴുകുന്നത്, അപ്പോ‍ാഴും ചുണ്ട് ചുണ്ടിൽ കോർത്ത് കിടക്കുന്നത്, എല്ലാ രാത്രിയിലേക്കുമായി ആത്മാവ് വച്ച് ഉടൽ പിൻ വാങ്ങുന്നത്.. ഇനി ഗാനമേ നീ കാലത്തിന്റെ ഏകാന്തതയിലേക്ക് വാ തുറന്ന് സഞ്ചരിക്കുക..

Tuesday, March 29, 2016

പുറപ്പാട്

പ്രണയത്തിലേക്ക് കുറുക്കുവഴികളില്ല. അതൊരു മതദേശമല്ല. അത് വന്നുകയറിയാൽ പിന്നെ ആത്മാവിലൊരു ചൈതന്യഗോപുരമൊരുങ്ങുകയാണ്. മനുഷ്യ്യദേശങ്ങളിലേക്ക് വെളിച്ചം പകർന്നുകൊണ്ട് അത്. നീ നിത്യവും പ്രവാചകവചനങ്ങൾ ഉരുവിട്ടുകൊണ്ടിരിക്കുന്നതെന്ത്. നീ നിരന്തരം അതേ കുറിച്ച് ചർച്ച ചെയ്തിട്ടെന്ത്. മരുഭൂ‍മിയിൽ പ്രവാചകനൊരു വിളക്കു കൊളുത്തി. നീയോ വെളിച്ചത്തിനു ചുറ്റും നൃത്തം ചെയ്ത് വെളിച്ചത്തിന്റെ സഞ്ചാരം തടയുന്നു. ഇനി നീ പറഞ്ഞേക്കാം പ്രവാചക വചനങ്ങൾ പ്രചരിപ്പിക്കലാണ് നിന്റെ നിയോഗമെന്ന്. അത് നീ വിശ്വസിച്ചുകൊള്ളുക. നീ അങ്ങനെതന്നെ ചെയ്തുകൊണ്ടിരിക്കുക. എങ്കിലും നീയോർക്കുക, പ്രവാചക വെളിച്ചം സ്വീകരിച്ചുകഴിഞ്ഞാൽ അവിടെ നിന്നും പുറപ്പെടേണ്ടതുണ്ട്. ആ വെളിച്ചം നീയെന്ന ദേശത്ത് കൂ‍ടെ സഞ്ചരിക്കട്ടെ, നിന്റെ വെളിച്ചം അതോട് ചേർന്ന് സഞ്ചരിക്കട്ടെ... സഞ്ചാരമില്ലെങ്കിൽ, ഒരു നദിയെ തടഞ്ഞുനിർത്തുന്നത് പോലെതന്നെയാണ്... പിന്നെയവിടെ അടിഞ്ഞുകൂടുക അഴുക്കല്ലോ!

Sunday, March 27, 2016

പ്രകാശം

നീ പ്രണയത്തെ കുറിച്ച് ചോദിക്കുന്നു, മരണത്തെ കുറിച്ചും ജീ‍വിതത്തെ കുറിച്ചൂം പറഞ്ഞുപോകുന്നു. നീയൊരു സംഗീതമായി മാറാൻ കൊതിക്കുന്നു. നിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ ഞാൻ.. എനിക്ക് പറയാനുള്ളത് ബുദ്ധപ്രകാശത്തെ കുറിച്ചാണ്. എന്നാൽ അത് വിവരിക്കാൻ എന്റെ കയ്യിൽ പദങ്ങളില്ല്ല. അക്ഷരങ്ങൾ നിരത്തിയാൽ പദങ്ങൾ ലഭിക്കുമെങ്കിലും, വാചകം തീർക്കാമെങ്കിലും, മയ്യത്തടക്കി മീസാൻ കല്ല് കുത്തി വയ്ക്കുന്നത് പോലെ വിരാമ ചിഹ്നമിടാമെങ്കിലും ഞാനെങ്ങനെ ആ പ്രകാശത്തെ ഞാൻ അനുഭവിക്കുന്ന അളവിലല്ലെങ്കിലും ഇത്തിരിയെങ്കിലും നിന്റെ ഹൃദയത്തിലേക്ക് പകരും.. നീ നിന്റെ നെഞ്ച് എന്റെ നെഞ്ചോട് ചേർക്കുക, കണ്ണടക്കുക, കാതടക്കുക, എന്നിൽ വളഞ്ഞുയരുന്ന നാളത്തെ ഏറ്റെടുക്കുക. അപ്പോൾ മാത്രമാണ് നിന്നിൽ നിന്നും ഇരുട്ട് മായുക. നീ നിന്നിലേക്ക് തന്നെ പുറപ്പെടുക, അപ്പോൾ അനുഭവിക്കാനാവും, അപ്പോ‍ൾ മാത്രം നിനക്ക് പറയാനാവും, പ്രകാശം എവിടേയുമുണ്ടല്ലോ, അതനുഭവിക്കാൻ പാകപ്പെടാതിരുന്നത് കൊണ്ടല്ലോ അതില്ലെന്ന് തോ‍ന്നിയത്. അതെ നാം തോന്നലുകളുടെ തടവറയിലാണ്. അവിടെ ദൈവമുണ്ട്, ഇവിടെയുണ്ട്, എന്നെല്ലാം വെറും തോന്നലുകൾ. എന്നാലോ അത് ഉണ്ട് തന്നെ.. അതിലേക്കിറങ്ങിയാലോ അതേക്കുറിച്ചൊരു വാക്കും പറയാനാവാതെ...

Saturday, March 26, 2016

മുള്ളുകൾ തറയൂന്ന വേദനയോടെ

എന്നിലേക്ക് പ്രണയം യാത്ര തിരിച്ചാൽ, അത് എത്രയകലെ നിന്നാവട്ടെ, എന്നിലൊരു പുഞ്ചിരി വിരിയാൻ വെമ്പുന്നു. ഒരു മൊട്ടിന്റെ വിങ്ങലോടെത്തന്നെ. അപ്പോൾ കടലിൽ മഴപെയ്യുന്നത് പോലെയാണകമേ. എങ്കിലും എന്റെ ചുണ്ടുകൾ പുഞ്ചിരിയില്ലാതെ വരണ്ട് പോകുന്നു, അകമേയുള്ള പുഞ്ചിരിയുടെ മുള്ളുകൾ തറഞ്ഞ് ഇടനെഞ്ച് പൊട്ടുന്നു. ഞാൻ യാത്രതിരിക്കുന്നു, എന്റെ അടരുകൾ ചികഞ്ഞ് പോകുന്നു, നീ കോർത്ത ഇടം തിരയുന്നു. നീയപ്പോൾ പനിക്കിടക്കയിലോ, പഞ്ഞിക്കെട്ട് പോലെ ഉയർന്ന് പോകയോ..

ആത്മാവിന്റെ ചിരി

ഞാൻ എന്നെ ചികഞ്ഞ് പോകുമ്പോഴൊക്കെ നിന്നിലാണെത്തുക. എങ്കിലും നീയെവിടെ? എന്റെ പദങ്ങൾ നിന്നിലെത്തുന്നില്ലെങ്കിലും പേപിടിച്ചൊരു കാറ്റായി, ചിലപ്പോൾ ഭയന്ന പക്ഷിയെ പോലെ നീ എന്നിലേക്ക് ഉന്നം വയ്ക്കുന്നത് അനുഭവിക്കാനാവുന്നു. മഴയകന്ന പാതയിൽ, അതേ മഴ ബാക്കിവച്ച ഏകാ‍ന്തതയിൽ ഞാനും നീയും ഉടലുകളില്ലാതെ നടക്കുന്നു.. എങ്കിലും നമ്മിലെങ്ങനെയോ വന്നുവീണ പാഴ് ചിത്രങ്ങൾ നമ്മെ പുണരുന്നു, എന്തിനെന്നില്ലാതെ.. ഇന്ന്, അതെ ഇന്നുതന്നെ, നാ‍മിരുവരും വിചാരങ്ങളിൽ നിറയുന്നത്, നമ്മിൽ നിന്നും പിഴുതെടുക്കുന്ന ആത്മാവിനെ ഒരു കല്ലിൽ തുണിയലക്കുന്നത് പോലെ തമ്മിൽ തമ്മിൽ... ഇനി ഞാനൊന്ന് ചിരിക്കട്ടെ, അലക്കിയലക്കി പിന്നിപോ‍യ തുണി കണക്കെ കാറ്റിലുലയുന്ന ആത്മാവിനെ കണ്ട്.. .

Thursday, March 24, 2016

യാത്ര

ഒരു സൂഫിയാവുകയെന്നാൽ, ഒരു യോഗിയാവുകയെന്നാൽ ഒരു കമ്യൂണിസ്റ്റാവുകയെന്നാൽ എല്ലാത്തരം തടവിൽ നിന്നും മോചിതനാവുകയെന്ന് തന്നെ. പിറവിയിലെ വേളയിൽ അനുഭവിച്ച ഉന്മാദത്തിന്റെ പുഞ്ചിരിയാവുക. അപ്പോ‍ൾ തെരുവിൽ മഴകിട്ടാതെ വിയർക്കുന്ന, ദാഹിച്ച് വലയുന്ന മരത്തിന്റെ വേദന അനുഭവിക്കാനാവും. ഓരോ തൂണിലും അവനിലേക്ക് പ്രകാശിക്കുന്ന ദൈവത്തെ അനുഭവിക്കാനാവും. ഒരുറുമ്പിനെ പോലും കൊല്ലാതിരിക്കാൻ കരുതലോടെ ചുവടുകൾ വയ്ക്കുന്നു. അതേ ഉറുമ്പിലും ദൈവമാണല്ലോ വസിക്കുന്നത്. കണ്മുന്നിൽ പ്രത്യക്ഷപ്പെടുന്ന ഓരോ ജീവിയും ദൈവം വിളയുന്ന കടലായി മാറുന്നു. അതത്രേ പ്രണയത്തിന്റെ ദേശം... അപ്പോ‍ഴും അവൻ കിനാവ് കാണുന്നു, അപ്പോഴും അവനു സഞ്ചരിക്കാൻ പാതകളുണ്ട്, പോകാ‍ൻ ഇടങ്ങളും ദൂരവൂം...

Wednesday, March 23, 2016

കാറ്റിലൂടെ

കാറ്റ് മരണത്തെ കുറിച്ച് വാചാലമായി.. ഇനിയെന്താണറിയേണ്ടതെന്ന ചോദ്യത്തോടെ അത് വീശിനിൽക്കുകയാണ്. മരുഭൂമിയിൽ രാപകൽ ആവർത്തിക്കുന്നു... അപ്പോൾ എങ്ങുനിന്നോ ഒരു സ്ത്രീ സ്വരം കേൾക്കായി. എന്നാലത് സ്ത്രീ തന്നെയാവണമെന്നില്ല, മറ്റൊരു കാറ്റാവാം.. സ്വരം ചോദിക്കുന്നു, അത് തുടരുന്നു:
‘പ്രിയനേ, എനിക്ക് നീ പ്രണയത്തെ കുറിച്ച് പറഞ്ഞുതന്നാലും...’
‘പ്രണയമെന്നാൽ രണ്ട് വ്യക്തികൾ തമ്മിൽ അടുക്കുമ്പോൾ ഉണ്ടാവുന്നതല്ല. നിന്നിലെ വരണ്ട ഇടത്ത് നിന്നും വരൾച്ച ഒഴിയുമ്പോൾ അനുഭവപ്പെടുന്നത് എന്തോ അത്. ഒരു നദിയൊഴുക്ക് പോലെ, ഒരു തണുത്ത കാറ്റിന്റെ സ്പർശം പോലെ... അല്ലെങ്കിലും ഒരു വിത്ത് മുളപൊട്ടുന്നത് പോലെ...’